മേൽവിലാസം ശരിയാണ് : QR കോഡ് വഴി കോഴിയുടെ പൂർണ്ണ വിവരങ്ങൾ

എല്ലാവർക്കും ചിക്കൻ ഇഷ്ടമല്ലേ…??? കോഴിയിറച്ചി ഇഷ്ടമില്ലാത്തവരായും കഴിക്കാത്തവരായും വളരെ ചുരുക്കം ആളുകളെ കാണൂ. എന്നാൽ നമ്മൾ വാങ്ങി കഴിക്കുന്ന കോഴിയിറച്ചി എവിടുന്ന് വരുന്നു ? ഏത് ഫാർമിൽ വളർന്നു ? ഏത് തരം തീറ്റയാണ് നൽകിയിരുന്നത്? ഇത് വല്ലതും ആർക്കേലും അറിയോ??? ഇല്ലല്ലേ..???
എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമെല്ലാം കോഴി തന്നെ തന്നാലോ..??? അത്തരത്തിൽ ഒരു സൂത്രവുമായി ഇറങ്ങിയിരിക്കുകയാണ് നമ്മുടെ കൊട്ടാരക്കരയിലെ വേണാട് പൗൾട്രീ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി. സൂത്രം മറ്റൊന്നുമല്ല. QR കോഡിൽ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് അവർ ഇത് സാധിപ്പിച്ചെടുത്തത്.

കാലിൽ ക്യൂആർ കോഡുള്ള ഇറച്ചിക്കോഴിയെ വാങ്ങിയിട്ടുണ്ടോ? മൊബൈൽ ഉപയോഗിച്ച് സ്കാൻ ചെയ്താൽ വളർത്തിയ കൃഷിക്കാരൻ, കഴിച്ച തീറ്റ തുടങ്ങി കോഴിയുടെ ജീവചരിത്രം മുഴുവൻ വിളമ്പുന്ന ഈ സാങ്കേതികവിദ്യ ബ്രോയിലർ വിപണിയിൽ വിശ്വാസ്യതയും ഉത്തരവാദിത്തവും വർധിക്കാൻ സഹായകമായിട്ടുണ്ട്. ലോകത്തുതന്നെ ആദ്യമായി ക്യൂ ആർ കോഡുള്ള കോഴിയെ വിപണിയിലെത്തിക്കുകയാണ് കൊട്ടാരക്കരയിലെ വേണാട് പൗൾട്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി.
അടുത്ത കാലത്ത് കാർഷികകേരളം ശ്രദ്ധിച്ച ഏറ്റവും പുരോഗമനപരമായ ആശയങ്ങളിലൊന്നായിരുന്നു ആന്റിബയോട്ടിക് അംശം തീരെയില്ലാത്ത ബ്രോയിലർ കോഴിയിറച്ചിയുടെ വിപണനം. പൂർണമായും സസ്യജന്യതീറ്റ മാത്രം നൽകി വളർത്തിയ ഇവയെ സ്വന്തം വിതരണക്കാർവഴി കേരളത്തിലെ ഉപഭോക്താക്കൾക്ക് ആദ്യമായി എത്തിച്ചതും വേണാട് കമ്പനിയാണ്. ബ്രോയിലർ കോഴികളെ വാങ്ങുന്ന എല്ലാവരുടെയും ആശങ്കകൾക്കു പരിഹാരമായ ഈ പരിഷ്കാരം നടപ്പാക്കുന്നതിനു കമ്പനി സ്വീകരിച്ച വിപണനതന്ത്രങ്ങളിൽ പ്രധാനമായിരുന്നു ക്യൂആർ കോഡുള്ള ലേബലും സവിശേഷ രൂപകൽപനയോടെ ബ്രാൻഡ് ചെയ്ത കടകളും.

വേണാട് സിഗ്നേച്ചർ ചിക്കൻ എന്ന ബ്രാൻഡിലാണ് ആൻറിബയോട്ടിക് അംശമില്ലാത്ത കോഴിയിറച്ചി ഇവർ അവതരിപ്പിച്ചത്. ഇത്തരമൊരു അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം വേണ്ട ഉറപ്പ് നൽകാനായി ഓരോ കോഴിയുടെയും കാലുകളിൽ പ്രത്യേകം ലേബൽ ഒട്ടിക്കുകയും ചെയ്തു. ബ്രോയിലർ വിപണിയിലെ മറ്റു കോഴികളിൽനിന്ന് വേണാട് സിഗ്നേച്ചർ ചിക്കൻ തിരിച്ചറിയപ്പെടാൻ ഇതുപകരിച്ചു. എന്നാൽ വെറും ലേബൽ നൽകുന്ന ഉറപ്പ് മതിയാകില്ലെന്നു മനസ്സിലായതോടെ അതിൽ ഓരോ കോഴിയേയും സംബന്ധിച്ച സമ്പൂർണവിവരങ്ങൾ ക്യൂആർ കോഡായി രേഖപ്പെടുത്തുകയാണിവർ. സ്മാർട് ഫോണുകളിലെ ആപ്പുകളുപയോഗിച്ച് ഈ കോഡ് സ്കാൻ ചെയ്ത് അതതു കോഴികളെ സംബന്ധിച്ച പ്രസക്തമായ വിവരങ്ങൾ ഉപഭോക്താക്കൾക്കു മനസ്സിലാക്കാം. ഒരോ കോഴിയെയും വളർത്തിയ കർഷകന്റെ പേര്, വിലാസം, കോഴിക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ച കമ്പനി, തീറ്റ ഉൽപാദിപ്പിച്ച കമ്പനി, നൽകിയ മരുന്നുകളിലെ ആന്റിബയോട്ടിക്–ഹോർമോൺ–സ്റ്റിറോയ്ഡ് സാന്നിധ്യം, മരുന്നു നൽകിയ തീയതി, ഓരോ ബാച്ചിലെയും കോഴികളുടെ എണ്ണം, പ്രായം, ബാച്ച് നമ്പർ എന്നിവയാണ് ക്യൂആർ കോഡിലൂടെ അറിയാൻ സാധിക്കുക.

കോഡിലൂടെ രേഖപ്പെടുത്തിയ വിവരങ്ങൾ സത്യസന്ധമാണെന്ന ഉറപ്പിനു കൃഷിക്കാരുടെ കൈയൊപ്പും ഓരോ കോഴിയുടെയും ലേബലിലുണ്ടാവും.
ലോകത്തുതന്നെ ആദ്യമായാണ് ക്യൂആർ കോഡാടു കൂടി കോഴിയെ വിൽക്കുന്നതെന്ന് വേണാട് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഡോ.കെ. ചന്ദ്രപ്രസാദ് പറഞ്ഞു.
കോഴിയുടെ ആരോഗ്യത്തെക്കുറിച്ചും വരുമാനത്തെക്കുറിച്ചും കൃഷിക്കാരൻ ആകുലപ്പെടുമ്പോൾ ബ്രോയിലർ കോഴിയിറച്ചിയുടെ ഗുണദോഷങ്ങളെപ്പറ്റിയാണ് ഉപഭോക്താവിന്റെ ആശങ്ക ഇപ്പോഴത്തെ പരിഷ്കാരത്തിലൂടെ നാട്ടിൽ വളർത്തിയ ഇറച്ചിക്കോഴികൾക്കു മെച്ചപ്പെട്ട വിലയും ഉപഭോക്താവിനു നിലവാരമുള്ള ഇറച്ചിയും ഉറപ്പാക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിഗ്നേച്ചർ ചിക്കന്റെ വിപണനത്തിനായി വേണാട് കമ്പനി കൊട്ടിയത്തും വാളകത്തും ബ്രാൻഡഡ് ഫ്രാഞ്ചൈസി സെയിൽസ് കൗണ്ടറുകൾ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ വിൽപനശാലകളുടെ എണ്ണം ഒമ്പതാവും. അഞ്ച് ഫാമുകൾക്ക് ഒരു സെയിൽസ് കൗണ്ടർ എന്ന തോതിലാവും ഇവ സ്ഥാപിക്കുക. മിതമായ തോതിൽ മാത്രമാണ് ഇപ്പോൾ വേണാട് സിഗ്നേച്ചർ ചിക്കൻ വിപണിയിലെത്തുന്നത്. ഒരു ബാച്ചിൽ പരമാവധി 500 കോഴികളെയാണ് അനുവദിക്കുക. അവയെ വിറ്റഴിച്ചവർക്ക് മറ്റ് നാല് സംരംഭകർക്ക് ശേഷമാവും വീണ്ടും കമ്പനി ബ്രാൻഡിൽ വിപണനത്തിന് അവസരം ലഭിക്കുക.

പരസ്പരം ബാധ്യതയാവാതെ ഉൽപാദനം ക്രമീകരിക്കാൻ ഇത് വളർത്തുകാരെ പ്രേരിപ്പിക്കുന്നു. നിലവിൽ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഫാമുകളുണ്ട്. സ്വന്തം സംരംഭകർക്ക് പുറംവിപണിയിലേക്കാൾ അഞ്ചു രൂപയെങ്കിലും കൂടുതലായിരിക്കും വേണാട് കമ്പനി വില നൽകുകയെന്ന് ഡോ. ചന്ദ്രദാസ് വ്യക്തമാക്കി. വില ക്രമാതീതമായി താഴ്ന്നാൽ ഉൽപാദനച്ചെലവിന് ആനുപാതികമായ താങ്ങുവില നൽകുകയും ചെയ്യും.
മറ്റ് ജില്ലകളിലെ താൽപര്യമുള്ള സംരംഭകർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ഈ വിപണനശൃംഖലയിൽ പങ്കാളികളാകാമെന്ന് ഡോ. ചന്ദ്രപ്രസാദ് പറഞ്ഞു. സുരക്ഷിതമായ കോഴിയിറച്ചിയെന്ന ആശയം നടപ്പാക്കുന്നതിനു ശക്തമായ എതിർപ്പുകളാണ് കമ്പനി നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ശൃംഖലയിലുള്ള സംരംഭകരെ ഒറ്റപ്പെടുത്തുന്നതിനും വിലയിടിച്ച് വിപണി പിടിക്കുന്നതിനുമുള്ള ശ്രമങ്ങൾ വ്യാപകമായുണ്ട്. എങ്കിലും ഉപഭോക്താക്കളുടെ മനമറിഞ്ഞുള്ള പ്രവർത്തനത്തിലൂടെ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണിവർ.

Leave a Reply

Your email address will not be published. Required fields are marked *