ലിച്ചി : പണം കായ്ക്കുന്ന മരം…!!!

പണം കായ്ക്കുന്ന മരമോ..? കേട്ടിട്ട് അത്ഭുതം തോന്നുന്നല്ലേ??? അതെ ലിച്ചി ഒരുതരത്തിൽ പണം കായ്ക്കുന്നമരം തന്നെയാണ്.

സാപ്പിന്ഡേസിയ കുടുംബത്തിലെ അംഗമായ ലിച്ചിയുടെ ശാസ്ത്രനാമം ലിച്ചി ചൈനന്സിസ് എന്നാണ്. ലിച്ചിപ്പഴത്തിന്റെ രുചിയും ഗുണവുമാണ് പഴത്തെ ഏറെ പ്രശസ്തമാക്കിയത്. ഇടതൂര്ന്ന് വളരുന്ന നിത്യഹരിത വൃക്ഷമായ ലിച്ചിക്ക് മിതോഷ്ണകാലാവസ്ഥയാണ് അനുയോജ്യം.
നമ്മുടെ വീട്ടു തോട്ടത്തില് ലിച്ചി മരം വളര്ത്താവുന്നതാണ്. അധികം ഉയരം വയ്ക്കാത്ത മരങ്ങളാണിവ. കണ്ടാല് നമ്മുടെ നാട്ടു മാവിന്റെ ഉയരത്തെ ഓര്മ്മിപ്പിക്കും. പഴങ്ങള് കണ്ടാല് സ്ട്രോബെറിയുടെ നിറവും ആത്തപ്പഴത്തിന്റെ ഭംഗിയുമാണ്. പഴുത്തു പാകമാകുമ്പോള് ചുവന്നുതുടുത്തിരിക്കുന്ന പഴങ്ങള്ക്ക് നല്ല മധുരമാണ്.

ആറുമുതല് എട്ട് വര്ഷം കൊണ്ട് കായ പിടിക്കുന്ന ലിച്ചി 50 മുതല് 60 ദിവസം കൊണ്ട് പാകമാകും. ഉത്തരേന്ത്യയില് മേയ്-ജൂണ് മാസങ്ങളിലാണ് വിളവെടുക്കുന്നത്. പുറംതോട് പിങ്ക്, ചുവപ്പ് നിറമാകുമ്പോള് പറിക്കാന് പാകമാകും . പ്രധാനമായും സ്ക്വാഷ്, ഐസ്ക്രീം, വൈന് എന്നിവ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ലിച്ചിപ്പഴം ഉപയോഗിക്കുന്നത്. വിവിധ അച്ചാറുകള്ക്കും പഴത്തിന്റെ ഭാഗങ്ങളുപയോഗിക്കാറുണ്ട്.

വയനാട്ടിലെയും ഇടുക്കിയിലെയും മിതശീതോഷ്ണ കാലാവസ്ഥയില് വളര്ത്താന് അനുയോജ്യമായ ഫലവൃക്ഷമാണ് ലിച്ചി. നിറയെ കായ്ക്കുന്ന ഈ വൃക്ഷത്തില് നിന്നും പണം കൊയ്തെടുക്കാം. കേരള കാര്ഷിക സര്വകലാശാലയുടെ വയനാട് അമ്പലവയല് പ്രാദേശിക കാര്ഷികഗവേഷണകേന്ദ്രത്തിലെ പഴത്തോട്ടത്തില് വളര്ത്തുന്ന പത്തോളം ലിച്ചിമരങ്ങളില്നിന്ന് ഈവര്ഷം മൂന്നു ലക്ഷത്തോളം രൂപയുടെ ലിച്ചി പഴങ്ങളാണ് വിളവെടുത്തത്. മഞ്ഞുവീഴ്ചയുള്ള തീരെ താഴ്ന്ന താപനിലയും 38 ഡിഗ്രി സെല്ഷ്യസിനു മുകളിലുള്ള അന്തരീക്ഷ താപനിലയും ഇതിന്റെ വളര്ച്ചയ്ക്കു അനുയോജ്യമല്ല. ചെടി പൂക്കുന്നതിന് മൂന്നുമാസത്തെ തുടര്ച്ചയായ തണുപ്പു വേണം. കടുത്ത തണുപ്പും കൊടുംചൂടുമില്ലാത്ത മിതശീതോഷ്ണ കാലാവസ്ഥയാണ് ലിച്ചി കൃഷി ചെയ്യാന് വേണ്ടത്. മിതശീതോഷ്ണ കാലാവസ്ഥയുള്ള വയനാട്, ഇടുക്കി ജില്ലകളിലെ ഹൈറേഞ്ചുകളിലും സമാനകാലാവസ്ഥയുള്ള മറ്റു ജില്ലകളിലെ മലമ്പ്രദേശങ്ങളിലും ലിച്ചി ആദായകരമായി കൃഷി ചെയ്യാം.

അഞ്ചുമീറ്ററിലേറെ ഉയരത്തില് വളരുന്ന നിത്യഹരിത ഫലവൃക്ഷമാണ് ലിച്ചി. ചൈനയാണ് ഉത്ഭവസ്ഥലം. ഇന്ത്യയിലെ ലിച്ചി കൃഷിയുടെ 40 ശതമാനത്തിലേറെയും ബീഹാറിലാണ്. ബീഹാറിലെ മുസാഫര്പൂര്, ധര്ബംഗയ എന്നിവയാണ് പ്രധാന കൃഷിമേഖലകള്. ഉത്തര്പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്, ആസാം, ത്രിപുര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും വാണിജ്യാടിസ്ഥാനത്തില് ലിച്ചി കൃഷി ചെയ്യുന്നു. ഉത്തരേന്ത്യയില് ജനുവരി – ഫെബ്രുവരി മാസങ്ങളില് പൂവിടുന്ന ലിച്ചി ഏപ്രില് -മെയ് മാസത്തോടെ വിളവെടുപ്പിനു പാകമാകും. കേരളത്തിലെ കാലാവസ്ഥയില് ആഗസ്റ്റ്-സെപ്തംബര് മാസത്തില് പൂവിടുന്ന ലിച്ചി നവംബര് – ഡിസംബര് മാസങ്ങളില് വിളവെടുക്കാം. ഉത്തരേന്ത്യയില് ഓഫ് സീസണായതിനാല് കേരളത്തില് ഈ സമയത്ത് ഉല്പ്പാദിപ്പിക്കുന്ന ലിച്ചിക്ക് നല്ല മാര്ക്കറ്റ് ലഭിക്കും.
അഞ്ചു മീറ്ററിലേറെ ഉയരത്തില് വളരുന്ന നിത്യഹരിത ഫലവൃക്ഷമാണ് ലിച്ചി. ഇടതൂര്ന്നു വളരുന്ന ശാഖകളില് തിളങ്ങുന്ന ഇളംപച്ചനിറമുള്ള ഇലകള് നിറഞ്ഞുനില്ക്കുന്ന ലിച്ചി മരം ആകര്ഷക ദൃശ്യമാണ്. പതിവെച്ച കൈകളോ ഗ്രാഫ്റ്റുകളോ ആണ് നടാന് ഉപയോഗിക്കുന്നത്. പരപരാഗണം
നടക്കുന്ന വിളയായതിനാല് വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകള് മാതൃവൃക്ഷത്തിന്റെ അതേ സ്വഭാവം കാണിക്കില്ല.

പതിവെച്ച തൈകള് നന്നായി പരിചരിച്ചാല് മൂന്നു- നാലു വര്ഷംകൊണ്ട് കായ്ച്ചു തുടങ്ങുമ്പോള് വിത്തു മുളച്ചുണ്ടാകുന്ന തൈകള് കായ്ക്കാന് 10 വര്ഷം വരെ എടുത്തേക്കാം. നല്ല നീര്വാര്ച്ചയും വളക്കൂറുമുള്ള മണ്ണില് ലിച്ചി നന്നായി വളരും. ഷാഹി, സ്വര്ണരൂപ, പര്ബി, എലാച്ചി, ചൈന, കസ്ബ, ഏര്ലി, സീഡ്ലെസ്, ബോംബെ, കല്ക്കട്ട, ഡെറാഡൂണ്, ഏര്ലി സീഡ്ലെസ്, ലേറ്റ് സീഡ്ലെസ്, ഗുലാബി തുടങ്ങിയവയാണ് പ്രധാന ഇനങ്ങള്. ഷാഹി ബീഹാറില് ഏറ്റവും കൂടുതല് കൃഷിചെയ്യുന്നു.
മഴക്കാലം ആരംഭിക്കുന്നതോടെ തൈകള് നടാം. നന്നായി വേരുപിടിച്ച തൈകള് നടണം. എട്ടുമീറ്റര് അകലത്തിലാണ് നടേണ്ടത്. നല്ല വളക്കൂറുള്ള മണ്ണാണെങ്കില് 10 മീറ്റര് അകലം നല്കണം. നടുന്നതിനുമുമ്പ് നിലം നന്നായി ഉഴുതു തയ്യാറാക്കണം. ഒരുമീറ്റര് നീളവും വീതിയും ആഴവുമുള്ള കുഴികള് നടുന്നതിന് ഏതാനും ആഴ്ചമുമ്പ് എടുത്തിരിക്കണം. ഇതില് മേല്മണ്ണ്, 25 കിലോഗ്രാം കാലിവളം, രണ്ടു കിലോഗ്രാം എല്ലുപൊടി, 400 ഗ്രാം സള്ഫേറ്റ് ഓഫ് പൊട്ടാഷ് എന്നീ വളങ്ങള് ചേര്ത്ത് നിറയ്ക്കണം. പിന്നീട് കുഴികളില് വെള്ളമൊഴിക്കുക, ഈ കുഴികളില് വേണം തൈകള് നടാന്.
വളര്ച്ചയുടെ ആദ്യഘട്ടങ്ങളില് തൈകള്ക്ക് ജലസേചനം അനിവാര്യമാണ്. വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വിളയാണ് ലിച്ചി. വളക്കൂറുള്ള പ്രദേശങ്ങളിലാണ് ഇന്ത്യയില് ഇതിന്റെ കൃഷി എന്നതിനാല് രാസവളപ്രയോഗം പതിവില്ല. എന്നാല് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില് രാസവളങ്ങള് ചേര്ത്തുകൊടുക്കണം. ചെറുപ്രായത്തില് പ്രതിവര്ഷം 25 കിലോഗ്രാം വീതവും പിന്നീട് പ്രായമെത്തിയ ശേഷം ഒരു മരത്തിന് 60 കിലോഗ്രാം വീതവും ജൈവവളം ചേര്ത്തു കൊടുക്കണം. കാല്സ്യം, സിങ്ക്, മഗ്നീഷ്യം, ബോറോണ്, കോപ്പര് എന്നീ സൂക്ഷ്മ മൂലകങ്ങള് ലിച്ചി മരങ്ങള് പൂക്കുന്നതിലും കായ്കളുടെ വളര്ച്ചയിലും വലിയ പങ്കു വഹിക്കുന്നു. ആദ്യകാലത്ത് മരത്തിന് ആകര്ഷകവും സൗകര്യപ്രദവുമായ ആകൃതി നല്കുന്നതിന് കൊമ്പുകോതല് നടത്തണം. സാവധാനം വളരുന്ന വൃക്ഷമായതിനാല് തോട്ടത്തില് ആദ്യകാലത്ത് പച്ചക്കറികള്, വാഴ, പച്ചില, വളച്ചെടികള്, പയറുവര്ഗങ്ങള്, പൈനാപ്പിള്, കിഴങ്ങുവര്ഗവിളകള് തുടങ്ങിയവ ഇടവിളയായി കൃഷിചെയ്യാം.

ഒരു ലിച്ചി പഴത്തിന് 20-25 ഗ്രാം തൂക്കമുണ്ടാകും. പഴത്തിന്റെ കട്ടിയുള്ള പുറംതോലിന് പുറത്ത് ചെറിയ മുള്ളുകള്പോലെ കാണാം. ഉള്ളിലുള്ള വെളുത്ത് മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മൂത്തു പഴുത്ത കായ്കള് കുലകളായി വിളവെടുക്കുന്നു. കമ്പിന്റെ ഒരു ഭാഗവും ഇലകളും ചേര്ത്താണ് വിളവെടുപ്പ്. ഒറ്റയ്ക്കു വിളവെടുത്താല് പളം പെട്ടെന്നു കേടാവും. പഴങ്ങള് ബോക്സുകളില് നിറയ്ക്കുന്നതിനുമുമ്പ് കേടുള്ളതും വിണ്ടുകീറിയതുമായ പഴങ്ങള് നീക്കി പല ഗ്രേഡുകളായി തരംതിരിക്കുന്നു. മൂപ്പെത്തിയ ഒരു ലിച്ചിമരത്തില്നിന്നു ശരാശരി 100-150 കിലോഗ്രാം പഴങ്ങള് വിളവെടുക്കാം. പഴത്തിന് കിലോഗ്രാമിന് 200 രൂപയാണ് വില. ഒരു മരത്തില്നിന്നു 100 കിലോഗ്രാം വിളവുകിട്ടിയാല്പോലും ഒരുവര്ഷം കുറഞ്ഞത് 20000 രൂപ വരുമാനം ലഭിക്കും. എറണാകുളത്തെ ചില സൂപ്പര് മാര്ക്കറ്റുകളില് ഓഫ് സീസണില് 400 രൂപ വരെയാണ് വില. എറണാകുളവുമായി സാമീപ്യമുള്ളതിനാല് ഇടുക്കി ജില്ലയില് കൂടുതല് ആദായകരമായി ലിച്ചി കൃഷി ചെയ്യാം. അധികം മുതല്മുടക്കില്ലാതെ ലാഭം കൊയ്യുന്ന വിളയാണ് ലിച്ചി. വവ്വാല്, പക്ഷികള്, അണ്ണാന് മുതലായവയുടെ ശല്യമുള്ളതിനാല് മരങ്ങളെ വലകെട്ടി സംരക്ഷിക്കേണ്ടിവരും.

Leave a Reply

Your email address will not be published. Required fields are marked *