ഉത്പ്പാദനോപാധികളായ വെള്ളം, വളം രോഗനിയന്ത്രണകാരികള് മുതലായവ യഥാസമയം യാഥാസ്ഥലത്ത് കൃത്യ അളവില്‍ നല്‍കുക എന്നതാണ് ഹൈടെക് കൃഷിയിലൂടെ ഉദ്ദേശിക്കുന്നത് . ഇപ്രകാരം ചെയ്യുമ്പോള്‍ ഉത്പ്പാദനം 3 മുതല്‍ 10 വരെ ഇരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് മറ്റ് സംസ്ഥാനങ്ങളില്‍ ഹൈടെക് കൃഷി നടപ്പിലാക്കയതിലൂടെ തെളിഞ്ഞിട്ടുണ്ട്. ഇതു വഴി 1000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പോളി ഹൗസില്‍ നിന്നും പ്രതിവര്‍ഷം 3 ലക്ഷം രൂപ വരെ ലാഭിക്കുവാന്‍ സാധ്യതയുണ്ട് .
ഹൈടെക് കൃഷിയിലൂടെ ഉത്പ്പാദനക്ഷമതയും ഉത്പ്പന്നങ്ങളുടെ ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ സാധ്യമാണെന്നും മൂല്യം കൂടിയ വിളകളായ ക്യാപ്സിക്കം ,ജര്ക്കിന്സ് , സാലഡ് വെള്ളരി , സ്ട്രോബെറി, ചെറി റ്റോമാറ്റോ പുഷ്പങ്ങള്‍ മുതലായവയും നമ്മുടെ നാട്ടിലുള്ള സാധാരണ പച്ചക്കറികളും കൃഷി ചെയ്യുവാന്‍ സാധിക്കുകാന്നു അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
ഗ്രീന്‍ഹൗസുകളില്‍ നിയന്ത്രിത കാലാവസ്ഥയില്‍ ഉത്പ്പാദിപ്പിക്കുന്ന ഉത്പ്പന്ന ങ്ങളുടെ ആകൃതി, വലുപ്പം ഗുണനിലവാരം എന്നിവയെല്ലാം സമാനമായതിനാല്‍ കയറ്റുമതി മൂല്യം വര്‍ദ്ധിക്കുകയും അതുവഴി കൂടുതല്‍ വിദേശനാണ്യം നേടിത്തരുവാന്‍ സാധിക്കുകയും ചെയ്യുന്നു.
കൃഷിയ്ക്കാവശ്യമായ വളങ്ങളുടെ വില കൂടിയ സാഹചര്യത്തില്‍ ഹൈടെക് കൃഷിയില്‍ അവ കൃത്യതയോടെ ഉപയോഗിക്കുന്നത് വഴി മൂലകങ്ങളുടെ നഷ്ടം പരമാവധി കുറയ്ക്കുവാനും തദ്വാര ഉദ്പാദന ചെലവു കുറയ്ക്കുവാനും സാധിക്കുന്നു.
അള്‍ട്രാവയലറ്റ് രശ്മികളെ അകത്ത് കടത്താത്ത രീതിയിലുള്ള ഗ്രീന്‍ഹൗസ് കൃഷിയില്‍ ഗ്രീന്ഹൌസിനുള്ളില് കാര്‍ബണ്‍ഡയോക്സയിഡിന്റെ അളവ് കൂടുകയും തന്മൂലം വിളകള്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു . അങ്ങവേ ഉത്പാദന ക്ഷമത വര്‍ദ്ധിക്കുമെന്ന് ശാസ്ത്രം തെളിയിച്ച സത്യമാണ് .
കാലാവസ്ഥാപരമായി കൃഷിയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത രാജ്യങ്ങളായ ഗള്‍ഫ് മേഖല , അറേബ്യന്‍ രാജ്യങ്ങള്‍ , ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഹൈടെക് കൃഷി വിജയപ്രദമായി നടപ്പിലാക്കി വരുന്നത് ലോകത്തിന്തന്നെ മാതൃകയാണ് .
തൊഴിലാളികളുടെ ദൗര്‍ലഭ്യവും വേതനവും കൂടുതലുള്ള കേരളത്തില്‍ ഹൈടെക് കൃഷിയിലൂടെ ഇവ പരിഹരിക്കുവാനും ചെലവ് 50 മുതല്‍ 75 ശതമാനം വരെ കുറയ്ക്കുവാനും സാധിക്കും. ഹൈടെക് കൃഷിയില്‍ തൊഴില്‍ കാര്യക്ഷമത 80 മുതല്‍ 90 ശതമാനം വരെ കൂടുതലാണ് .
വര്‍ഷത്തില്‍ ആറു മാസത്തോളം മഴ ലഭിക്കുന്നതിനാല്‍ നമ്മുടെ നാട്ടിലെ പച്ചക്കറി കൃഷി വേനല്‍ക്കാലത്താണ് പ്രധാനമായും നടത്തുന്നത് . എന്നാല്‍ ഗ്രീന്‍ ഹൗസുകളില്‍ കൃഷി ചെയ്യുന്നതിലൂടെ വര്‍ഷത്തിലുടനീളം പച്ചക്കറി , പുഷ്പങ്ങള്‍ എന്നിവ കൃഷി ചെയ്യുവാന്‍ സാധിക്കുന്നു.
സംരക്ഷിത കൃഷിയായതു കൊണ്ട് രോഗകീട നിയന്ത്രണം പൂര്‍ണ്ണമായും സാധ്യമാ ക്കുകയും അതുവഴി വിളനാശം കുറയുകയും ചെയ്യുന്നു.
ഹൈടെക് കൃഷിയിലൂടെ വിഷവിമുക്തമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കേരളീയര്‍ക്ക് എല്ലാ സമയത്തും ലഭ്യമാക്കുവാന്‍ സാധിക്കും .
ഏറെ ശ്രദ്ധയോടും കരുതലോടും സമര്‍പ്പണത്തോടും ഏറ്റെടുക്കേണ്ട ഒരു കാര്യമാണ് ഹൈടെക് കൃഷി. വന്‍ തുക ചെലവഴിച്ചു ഒരു പോളിഹൌസ് നിര്‍മ്മിച്ചത് കൊണ്ട് മാത്രം വര്‍ദ്ധിച്ച ഉല്‍പ്പാദനവും അതിലൂടെ മെച്ചപ്പെട്ട വരുമാവവും കൈവരിക്കാനാകുകയില്ല . പോളിഹൌസിന്റെ നിര്‍മ്മാണം മുതല്‍ നടുവാനുള്ള മാധ്യമം തയ്യാറാക്കല്‍, വിലയും വിത്തും തിരഞ്ഞെടുക്കല്‍, വിളപരിപാലനം , പോളി ഹൌസിനുള്ളിലെ അന്തരീക്ഷ ക്രമീകരണം , വളപ്രയോഗം , വിളവെടുപ്പ് എന്നിങ്ങവേ ഓരോ ഘട്ടങ്ങളിലും കൃത്യതയും സൂക്ഷ്മതയും പുലര്‍ത്തിയാല്‍ മാത്രമേ ഹൈടെക് ഫാമിംഗില്‍ വിജയം കൈ വരിക്കാനാകുകയുള്ളൂ.
ഹരിത ഗൃഹങ്ങള്‍
ഓരോ വിളയ്ക്കും ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത കൈവരിക്കണമെങ്കില്‍ അതിനു ചുറ്റുമുള്ള അന്തരീക്ഷത്തിലോ പ്രകാശം , അന്തരീക്ഷത്തിലലേയും വേരു മണ്ഡലത്തിലേയും (മണ്ണിലെ) താപനില , വേരു മണ്ഡലത്തിലെ വിവിധ മൂലകങ്ങളുടെ അളവും വായു സഞ്ചാരവും (air circulation) , അന്തരീക്ഷ വായുവിന്റെ ഘടന എന്നിവ ചെടിയ്ക്ക് ഏറ്റവും അനുയോജ്യമായ തരത്തിലായിരിക്കണം
സംരക്ഷിത കൃഷി രീതിയില്‍ ( Protected cultivation) ഈ ഘടകങ്ങള്‍ പൂര്‍ണ്ണമായും ക്രമീകരിക്കാന്‍ കഴിയും ഓരോ ഹരിത ഗൃഹത്തിനും (green house) അതിനുള്ളിലെ അന്തരീക്ഷത്തെ നിയന്ത്രിക്കാനുള്ള കഴിവ് അതിന്റെ രൂപകല്പനയേയും അതില്‍ അന്തരീക്ഷം ക്രമീകരിക്കുന്നതിനുപയോഗിച്ചിട്ടുള്ള സംവിധാനത്തെയും ആശ്രയിച്ചിരിക്കും ഏതുതരം സസ്യമാണ് ഹരിതഗൃഹത്തില്‍ വളര്‍ത്താനുദ്ദേശിക്കുന്നത്,അതിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയിലുള്ള വിലയും പ്രാധാന്യവും , എവിടെയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത് ( കൃഷി ചെയ്യുന്ന സ്ഥലത്തെ കാലാവസ്ഥ) എന്നിവയെ ആശ്രയിച്ചായിരിക്കണം.ഹരിതഗൃഹത്തിന്റെ രൂപകല്‍പ്പനയും അതിലെ അന്തരീക്ഷം ക്രമീകരിക്കുന്നതിനുള്ള സംവിധാനവും തെരഞ്ഞെടുക്കേണ്ടത് .
എന്താണ് ഹരിതഗൃഹം ?
നിര്‍ദ്ദിഷ്ട താപനിലയും ഈര്‍പ്പവും നിലനിര്‍ത്തുന്നത് വഴി സസ്യവളര്‍ച്ചയെ ത്വരിതപ്പെടുത്തുക എന്നതാണ് ഗ്രീന്‍ഹൗസുകളുടെ ഉദ്ദേശ്യം. സുതാര്യമായ ചില്ല് / പോളിത്തീന്‍ ഷീറ്റുകള്‍ സൂര്യന്റെ രശ്മികളെ ഉള്ളിലേക്ക് കടത്തിവിടും . ഏതെങ്കിലും ഒരു ഉപരിതലത്തില്‍ പതിക്കുന്ന സൂര്യരശ്മികള്‍ ആ പ്രതലത്തെ ചൂടാക്കുമ്പോള്‍ അതില്‍ നിന്നുയരുന്ന താപരശ്മികളെ ഇവ പുറത്തുപോകാന്‍ അനുവദിക്കുകയില്ല . അതിനാല്‍ ഗ്രീന്‍ ഹൗസ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന ആവരണം സൂര്യകിരണങ്ങളെ ഉള്ളിലേക്ക് കടത്തിവിടുകയും അതിനുള്ളില്‍ സംജാതമാകുന്ന താപം ഉള്ളില്‍ത്തന്നെ നിലനിര്‍ത്തുകയും ചെയ്യും. ഇത് തണുപ്പ് കാലങ്ങളില്‍ അനുയോജ്യമായ താപനില നിലനിര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍ ചൂട് കാലത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആക്കുവാന് വെന്റിലേഷനും തണുപ്പിക്കല്‍ പ്രക്രിയയും ആവശ്യമായി വരും. ചെടികള്‍ രാത്രി കാലങ്ങളില്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഗ്രീന്‍ ഹൗസിനുള്ളില്‍ തങ്ങി നില്‍ക്കുകയും രാവിലെ ഹരിതഗൃഹ ത്തിനുള്ളിലെ പ്രകാശ സംശ്ലേഷണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണില്‍ നിന്നും ചെടികളില്‍ നിന്നുമുള്ള ബാഷ്പീകരണം , അന്തരീക്ഷ ആര്‍ദ്രത ഉയര്‍ത്തുന്നു. ഇങ്ങനെ താപനില , പ്രകാശം , വായു സഞ്ചാരം .ഈര്‍പ്പം എന്നീ ഘടകങ്ങള്‍ കൃത്യമായി നിയന്ത്രിച്ച് ഹരിത ഗൃഹത്തിനുള്ളില്‍ വിളകള്‍ക്ക് ലഭ്യമാക്കുവാന്‍ സാധിക്കുന്നു .
ഹരിത ഗൃഹത്തിനുള്ളിലെ വിത്തുകളുടെ അങ്കുരണം, വളര്‍ച്ച ,പുഷ്പിക്കല്‍ , പതികളുടെ വേരിറക്കം , മുകുള സംയോജനം, കായ്കളുടെ പാകമാകല്‍, തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും തുറന്ന സ്ഥലങ്ങളില്‍ വളരുന്നവയെക്കാളും അതിവേഗത്തില്‍ സംരക്ഷിതാവസ്ഥയില്‍ നടക്കുന്നു. ഗ്രീന്‍ഹൗസുകള്‍ക്കുള്ളിലെ അന്തരീക്ഷം വിലക്ക് അനുകൂലമായി ക്രമീകരിച്ചാല്‍ മാത്രമേ ഈ നേട്ടങ്ങള്‍ സാധ്യമാകുകയുള്ളൂ
എന്താണ് സംരക്ഷിത കൃഷി രീതി അഥവാ ഹരിതഗൃഹ കൃഷി എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ?
സംരക്ഷിത കൃഷി രീതിയില്‍ നാം ചെടികള്‍ വളര്‍ത്താനായി ആവശ്യത്തിന് വലുപ്പമുള്ള ഹരിത ഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നു, . ഇവ ഹരിത ഗൃഹത്തില്‍ വളരുന്ന ചെടികള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം പുറത്തുള്ള അന്തരീക്ഷത്തില്‍ നിന്നും (ambient climate) വേര്‍തിരിക്കുന്നു. ഓരോ ഹരിതഗൃഹത്തിലെ അന്തരീക്ഷനില വ്യത്യാസപ്പെട്ടിരിക്കുന്നു.
സംരക്ഷിത കൃഷിയില്‍ നൂതന സാങ്കേതിക വിദ്യകളായ സൂക്ഷ്മ ജലസേചനം, മണ്ണ് ഇതര മാദ്ധ്യമകൃഷി, ഫെര്ട്ടിഗേഷന് , സൂക്ഷ്മ പ്രജനനം, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത യുള്ള ഹൈബ്രിഡ് വിത്തുകള്‍ (Hybrid seeds), പ്ലാസ്റ്റിക് പുത (Plastic mulch),സൂര്യപ്രകാശത്തിന്റെ തീക്ഷ്ണതയുടെ നിയന്ത്രണം, രാത്രി പകല്‍ ദൈര്‍ഘ്യത്തിന്റെ നിയന്ത്രണം, കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രതയുടെ നിയന്ത്രണം എന്നിവ ഉപയോഗപ്പെടുത്തുന്നു .
ഹരിത ഗൃഹത്തിനുള്ളില്‍ വളര്‍ത്താനുള്ള ചെടികളെ തെരഞ്ഞെടുക്കുന്നത് അവയുടെ വിളവിലെ മികവും വിപണിയിലെ സാദ്ധ്യതയും മുന്‍നിര്‍ത്തിയാണ്. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പഠനനങ്ങളില്‍ നിന്നും താഴെ പറയുന്ന ചെടികള്‍ ഹരിത ഗൃഹത്തില്‍ വളര്‍ത്താന്‍ യോജിച്ചതായാണ് കണ്ടിട്ടുള്ളത് .
പച്ചക്കറികള്‍ :: തക്കാളി , സാലഡ് വെള്ളരി , പയറിനങ്ങള്‍ , ക്യാപ്സിക്കം, ചെറി തക്കാളി ( Cherry tomato) ,വെണ്ട,ബ്രോക്കോളി ,കാബേജ് ,കോളി ഫ്ലവര്‍ , ഉള്ളി , ഇലക്കറികള്ക്കായുള്ള ചെടികള്‍ (മല്ലി, ചീര ,പാലക്ക്) ലെറ്റ്യൂസ് മുതലായവ .
പഴവര്‍ഗ്ഗങ്ങള്‍ :: സ്ട്രോബറി ,
പൂച്ചെടികള്‍ :: റോസ് , ജെര്‍ബറ,കാര്‍നേഷന്‍ , ഓര്‍ക്കിഡ് , ആന്തൂറിയം , ക്രൈസാന്തിമം ലില്ലികള്‍ , ഹരിത ഗൃഹത്തില്‍ ചെടികളുടെ ഉയര്‍ന്ന ഗുണനിലവാരമുള്ള തൈകള്‍ ഉണ്ടാക്കി വിപണന നടത്തുന്നതും വളരെ ആദായകരമായി കണ്ടിട്ടുണ്ട് .